കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്‍റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്‍റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്‌രാജിലെ സെന്‍റ് മേരീസ് കോൺവന്‍റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:
ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്‍റെ വാക്കുകളാണിത്.
ഈ അർഥപൂർണമായ വാക്കുകൾ തന്‍റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്‍റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ പ്രചോദനം സിസ്റ്ററിന്‍റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്‍റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.
നിസ്വാർഥ സേവനം
അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്‍റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.